നോയിഡയിൽ ജോലിക്കാരിയായ പെൺകുട്ടിയെ വീട്ടുടമ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും. വീട്ടുടമയായ ഷെഫാലി കൗൾ എന്ന സ്ത്രീയാണ് അനിത എന്ന ഇരുപത് വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി വലിച്ചിഴച്ച് മർദ്ദിച്ചത്. അടുക്കളയിൽ നിന്ന് ഒരു കഷ്ണം ശർക്കര എടുത്തു കഴിച്ചതിന് തന്നെ മർദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. വീട്ടുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതെ സമയം ജോലിക്കാരിയായ അനിതയെ ഷെഫാലി കൗൾ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനം സഹിക്കാൻ കഴിയാതെ ജോലി അവസാനിപ്പിച്ച് പോകാൻ ശ്രമിച്ചപ്പോൾ അവർ പിടികൂടി തിരികെ കൊണ്ടുവന്നെന്നും അനിത പറഞ്ഞു. അനിതയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ട്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
”അവർ എല്ലാ ദിവസവും എന്നെ തല്ലും. തണുത്ത വെള്ളം എന്റെ ശരീരത്ത് ഒഴിക്കും. കഴിഞ്ഞ ദിവസം ഡിസംബർ 26 ന് ഞാനൊരു കഷ്ണം ശർക്കരയെടുത്ത് കഴിച്ചു. അന്ന് അവരെന്നെ ചെരിപ്പുകൊണ്ട് അടിച്ചു. എന്നെ തീകൊളുത്തി കൊല്ലുമെന്നും മുകളിൽ നിന്ന് താഴേക്ക് എറിയുമെന്നും ഭീഷണിപ്പെടുത്തി.” രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ കാരണമിതാണെന്ന് അനിത പറയുന്നു അനിതയുടെ കഴുത്തിലും ചെവികളിലും മർദ്ദനമേറ്റതിന്റെ പാടുകൾ ദൃശ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







