കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടം. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലാണ് സംഭവം. യെതി എയർലൈൻസിന്റെ 72 സീറ്റുള്ള എടിആർ 72 വിമാനമാണ് തകർന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വിമാനം പൂർണമായും കത്തിനശിച്ചു.
68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 വിദേശ പൗരന്മാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു. എയർപോർട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്, 53 നേപ്പാളികൾ, 5 ഇന്ത്യക്കാർ, 4 റഷ്യക്കാർ, 1 ഐറിഷ്, 2 കൊറിയക്കാർ, 1 അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. ആഭ്യന്തര വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലുള്ള റൺവേയിലാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. നേപ്പാൾ സർക്കാരിന്റെ ശക്തമായ രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യോമയാന സുരക്ഷയുടെ കാര്യത്തിൽ നേപ്പാളിന് വളരെ മോശമായ ചരിത്രമാണുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







