റിയാദ്: സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളില്‍ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്. അടിയന്തര അപായ മുന്നറിയിപ്പ് സിവില്‍ ഡിഫൻസ് പിന്നീട് പിൻവലിച്ചു.
അപകട ഭീഷണിയെക്കുറിച്ച് നാഷണല്‍ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജനങ്ങള്‍ക്ക് നല്‍കിയ ജാഗ്രതാ നിർദ്ദേശമാണ് ഒഴിവാക്കിയത്. മേഖലയിലെ അപായഭീഷണി ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപായ മുന്നറിയിപ്പിലേക്ക് നയിച്ച അടിയന്തര സാഹചര്യത്തിന്‍റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സിവില്‍ ഡിഫൻസ് പുറത്തുവിട്ടിട്ടില്ല. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷ മുൻനിർത്തി അധികൃതർ നല്‍കുന്ന നിർദ്ദേശങ്ങള്‍ തുടർന്നും പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടരുതെന്നും ചിത്രങ്ങളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
ബഹ്റൈനിലും അപായ സൈറണുകള്‍ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ശാന്തമായിരിക്കണമെന്നുമായിരുന്നു നിർദ്ദേശം. തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ജനങ്ങള്‍ക്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ചെങ്കടലില്‍ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന് ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന കടുത്ത തിരിച്ചടി നടത്തി. യെമനിലെ അല്‍ ഹുദയിദ ലക്ഷ്യമാക്കിയാണ് സംയുക്ത സേന ശക്തമായ ആക്രമണം നടത്തിയത്. നേരത്തെ ആക്രമണത്തില്‍ നേരിയ തകരാറുകള്‍ സംഭവിച്ച സൗദി കപ്പല്‍ യാത്ര തുടർന്നിരുന്നു. പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിഷയം പരിഹരിക്കാനും ധാരണയിലെത്താനും ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കാൻ നിലവില്‍ രണ്ട് വഴികളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനുമായി ചർച്ചകള്‍ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രിയും രാജ്യങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതിനിടെ, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചു. മറ്റൊരു സംഭവത്തില്‍, ഒമാൻ കടലില്‍ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എല്‍പിജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഈ ആക്രമണത്തില്‍ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










