കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിലെ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണമായ സംഭവം. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവുമാണ് മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്.
ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. കാറിന് തീപിടിച്ച് അല്‍പ്പസമയത്തിനുളളില്‍ ഡ്രൈവര്‍ പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്ന സ്ഥലത്തിന് നൂറ് മീറ്റർ അകലെ ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









