കോഴിക്കോട് : ലക്ഷങ്ങൾ മുടക്കി മാവൂർ അങ്ങാടിയോടു ചേർന്ന് നിർമിച്ച മത്സ്യ-മാംസ മാർക്കറ്റ്
ആർക്കും വേണ്ടാതായിട്ട് കാലങ്ങളായി. അങ്ങാടിയിൽ വർഷങ്ങളായി എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ള മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ മൽസ്യ – മാംസ മാർക്കറ്റ് വർഷങ്ങളായി ശോചനീയവസ്ഥയിലാണ്. വിശാലമായ ഹാൾ, മൽസ്യവിതരണത്തിന് പറ്റിയ ടൈൽസ് പാകിയ സൗകര്യങ്ങൾ, വെള്ളം, വൈദ്യുതി, മാലിന്യ നിർമ്മാജനത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും വർഷങ്ങളായി മാർക്കറ്റ് പ്രവർത്തിക്കുന്നില്ല. അശാസ്ത്രീയ നിർമ്മാണവും മലിന ജലം ഒഴുകി പോകാൻ സംവിധാനമില്ലാത്തതുമാണ് ഈ മാർക്കറ്റിന് വിനയായത്.
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 78 ലക്ഷവും എം.കെ. രാഘവൻ എം.പിയുടെ 15 ലക്ഷവും ചെലവിട്ട് രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ താഴ്ഭാഗത്തായിരുന്നു മത്സ്യ-മാംസ മാർക്കറ്റ് ഒരുക്കിയത്. പത്തിലധികം കച്ചവടക്കാർക്ക് മീൻ വിൽക്കാൻ സൗകര്യമുണ്ടായിരുന്നു ഇവിടെ. എന്നാൽ ഇപ്പോൾ മാർക്കറ്റിലെ ഈ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
റോഡ് നിരപ്പിൽ നിന്ന് വളരെ താഴെയായി നിർമിച്ച മാർക്കറ്റിലേക്ക് എത്താൻ ആളുകൾ മടിച്ചു. മത്സ്യവും മാംസവും വാങ്ങി പോകണമെങ്കിൽ പല പടികൾ കയറിയിറങ്ങണം. മത്സ്യവും മാംസവും വാങ്ങാൻ ആളുകളെത്താതെ നഷ്ടത്തിലായതോടെ, മാർക്കറ്റ് വിളിച്ചെടുത്തവർ ഓരോന്നായി മറ്റിടങ്ങളിലേക്ക് കുടിയേറി.
നിലവിൽ ഒരു കച്ചവടം മാത്രമാണ് ഈ മത്സ്യ മാർക്കറ്റിൽ അവശേഷിക്കുന്നത്. അതും മാർക്കറ്റിന് പുറത്ത് റോഡിനോട് ചേർന്നാണ് കച്ചവടം. മാർക്കറ്റിൽ അവശേഷിച്ച ചിക്കൻ വിൽപ്പനക്കാരന് മുകളിലത്തെ നിലയിലെ കടമുറി അനുവദിക്കുകയായിരുന്നു. നിലവിൽ ഈ ചിക്കൻ സ്റ്റാൾ കൂടാതെ മുകളിലത്തെ നിലയിൽ ഒരു സൂപ്പർ മാർക്കറ്റ് മാത്രമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ഉദ്ഘാടന സമയത്തുതന്നെ ആസൂത്രണമില്ലായ്മ ചർച്ചയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ആറുലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ സംവിധാനം തുടക്കത്തിലേ പാളിയതിനാൽ മൂക്കുപൊത്തിയേ മാർക്കറ്റിലെത്താനാകുമായിരുന്നുള്ളൂ. ആസൂത്രണമില്ലായ്മയും അശാസ്ത്രീയ നിർമാണവും കാരണം ലക്ഷങ്ങളാണ് പാഴായിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







