എടക്കര: പോലീസ് ആണെന്ന് പറഞ്ഞ് കബളിപ്പിച്ച് വ്യവസായിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി മങ്ങാട് ഉണ്ണികുളം കൂട്ടാക്കില നിഷാജി(28)നെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. എടക്കര സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാപാരിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നു.
ഫെയ്സ്ബുക്കിലൂടെ വ്യവസായിയെ പരിചയപ്പെട്ട പ്രതി, മാതാവിന്റെ ചികിത്സയുടെ പേരിൽ 2022 ജനുവരി മുതൽ പലതവണയായി ഒരു ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വ്യാപാരി നിഷാജിന്റെ അസുഖ ബാധിതയായ മാതാവിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും നിഷാജിന്റെ വാക്ക് പ്രകാരം കോഴിക്കോട് പുന്നൂർ കൈതപ്പൊയിലിൽ എത്തുകയും ചെയ്തു.
എന്നാൽ നിഷാജ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ വ്യവസായി ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പിന്നീട് മറ്റൊരു ഫോണിൽ നിന്ന് പ്രതി സൈബർ സെൽ എസ്ഐ ആണെന്ന് പറഞ്ഞ് വിളിച്ചു.
വ്യാപാരി പണം നല്‍കിയത് മയക്കുമരുന്ന് വില്പനക്കാരനാണെന്നും കൂട്ടുപ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപകൂടി തട്ടിയെടുത്തു. ഇതേത്തുടർന്ന് വ്യാപാരി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിൽ പ്രതി വയനാട് ലക്കിടിയിലെ ഫ്ളാറ്റിലാണ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച ഇയാളെ പൊലീസ് തന്ത്രപൂര്‍വം എടക്കരയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയതായി വ്യക്തമായി.
പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസിലും കോഴിക്കോട് ബാലുശ്ശേരി സ്റ്റേഷനില്‍ സ്ത്രീപീഡന കേസിലും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്.
നിലമ്ബൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ കെ. അബൂബക്കര്‍, എ.എസ്.ഐ അബ്ദുല്‍ മുജിബ്, സീനിയര്‍ സി.പി.ഒ രതീഷ്, സി.പി.ഒമാരായ സാബിര്‍ അലി, ഇ. അനീഷ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









