കോഴിക്കോട്: സീബ്രാലൈനിലൂടെ ഏത് സമയത്തും റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെയും ഫുട്പാത്ത് ഉപയോഗിക്കാതെ റോഡിലൂടെ നടക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
നല്ല ട്രാഫിക് സംസ്കാരം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും. അമിതവേഗം, നിയമലംഘനം, അക്ഷമ, ട്രാഫിക് സംസ്‌കാരമില്ലായ്മ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.
കോഴിക്കോട് നഗരത്തിലെ ഹൈബീം ഉപയോഗം, വൺവേ ലംഘനം, അമിതവേഗത തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സിഗ്നൽ സമയത്ത് പച്ച വെളിച്ചം തെളിഞ്ഞാൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. എന്നാൽ സീബ്രാലൈനിലൂടെ എപ്പോൾ വേണമെങ്കിലും റോഡ് മുറിച്ചുകടക്കാമെന്ന അഭിപ്രായമാണ് ചിലർക്കുള്ളതെന്ന് കമ്മിഷൻ അംഗം കെ.ബൈജുനാഥ് റിപ്പോർട്ടിൽ പറഞ്ഞു.
റോഡിലൂടെ ഓടുന്ന എല്ലാ വാഹനങ്ങളും കാൽനടയാത്രക്കാരെ പരിഗണിക്കണം. എന്നാൽ ട്രാഫിക് സിഗ്നലുകളിൽ തെറ്റായി നടക്കുന്നവർ ഏറെയുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണിൽ സംസാരിച്ച് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും നല്ല ട്രാഫിക് സംസ്‌കാരം വളർത്തിയെടുക്കാൻ ബോധവൽക്കരണം നടത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









