നിലമ്പൂർ: ഒമ്പതാം ക്ലാസുകാരനെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. നിലമ്പൂർ പാലപ്പറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണൻ (60) ആണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് പറവൂരിൽ നിന്ന് നിലമ്പൂർ പോലീസും ഡാന്‍സാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. സ്‌കൂൾ ബസ് കാത്തുനിന്ന വിദ്യാര്‍ഥിയെ പരിചയക്കാരനെന്ന വ്യാജേന പ്രതി അടുത്തെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാൻ നാട്ടുകാർ എത്തിയതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഊട്ടി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. പറവൂരിലെ ബന്ധുവീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുത്തത്. നിലമ്ബൂര്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, ശാലിനി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









