കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചു മറന്ന സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഹർഷിന നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കോഴിക്കോട്ട് വെച്ച് ഹർഷിനയ്ക്ക് ഉറപ്പ് നൽകി. ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹർഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സർക്കാർ വേദന ഉൾക്കൊള്ളുന്നു. ഹർഷിനയ്ക്ക് നീതി ലഭിക്കും. ഉചിതമായ നടപടിയുണ്ടാകും’ മന്ത്രി കൂട്ടിച്ചേർത്തു.
ഹര്‍ഷിനക്കൊപ്പമാണ് ഞങ്ങളുള്ളതെന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുമെന്നും ഹര്‍ഷിനയെ സന്ദര്‍ശിച്ച ശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ രണ്ടാഴ്ചക്കകം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും കൃത്യമായ വിവരത്തിനായി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതായും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അതിന് മുമ്പ് രണ്ട് തവണ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ചും സിസേറിയന്‍ നടന്നിട്ടുണ്ട്. അതും സര്‍ക്കാര്‍ ആശുപത്രിയാണ്. അവിടെ നിന്നാണെങ്കിലും കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2017ലാണ് മെഡിക്കൽ കോളജിൽ യുവതിക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷമാണ് തനിക്ക് ബുദ്ധിമുട്ടുണ്ടായതെന്നാണ് പെരുമണ്ണ സ്വദേശിനിയായ ഹർഷിന പറയുന്നത്. 2012ലും 2016ലും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് യുവതി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









