കൊളത്തൂർ: ഗൾഫിൽനിന്ന് നൽകിയ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
താമരശ്ശേരി വെളിമണ്ണ സ്വദേശി ചാപ്പിലങ്ങോട് ഷമീർ (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പാങ്ങ് ചന്തപറമ്പിലെ തന്‍റെ വീട്ടുജോലിസ്ഥലത്ത് നിൽക്കുകയായിരുന്ന മൊയ്തീൻ ഷായെ കാറിലും ബൈക്കിലുമായി എത്തിയ ആറുപേർ ചേർന്ന് ബലമായി പിടിച്ചുകൊണ്ടുപോയി കാറിൽ കയറ്റി മർദിച്ചെന്നാണ് പരാതി.
മര്‍ദനത്തിനുശേഷം വ്യാഴാഴ്ച പുലര്‍ച്ച കോഴിക്കോട് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. മൊയ്തീൻഷാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഊർജിത അന്വേഷണം നടത്തി. താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടിൽ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴി നൽകി. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശ പ്രകാരം കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കലും സംഘവുമാണ് കേസന്വേഷിച്ചത്.
ഗൾഫിൽ നിന്ന് കൈമാറിയ സ്വർണം പ്രതികൾക്ക് കൈമാറാതെ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘത്തിന് കൈമാറിയതായി പോലീസിന് വിവരം ലഭിച്ചു. താമരശ്ശേരി സ്വദേശികളായ ആറ് പേർ മൊയ്തീൻഷായുടെ വീട്ടിലെത്തി സ്വര്‍ണത്തിന്‍റെ വിലയായ 50 ലക്ഷം രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. മുഖ്യപ്രതികളിലൊരാളായ ഷമീർ വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
മറ്റുപ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും മുമ്ബും സമാന കേസുകളില്‍ പ്രതിയായവര്‍ കൂട്ടത്തിലുണ്ടെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും സി.ഐ. സുനില്‍ പുളിക്കല്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









