കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു യുവാവിനെ സഹയാത്രികൻ ആക്രമിച്ചു പുറത്തേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. ആക്രമിക്കുന്നതും പുറത്തേക്കു തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി 10.30 ഓടെ മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ നിന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പ്രതി തള്ളിയിടുക ആയിരുന്നു. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്തേക്കാണ് തള്ളിയിട്ടത്.
ട്രെയിനിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാർ ആണ് പ്രതിയെ പോലീസിന് കൈമാറിയത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായപ്പോൾ സഹയാത്രികർ എടുത്തതാണ് വീഡിയോ ദൃശ്യങ്ങൾ. അവ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കേസ് അന്വേഷണത്തിൽ വീഡിയോ ദൃശ്യങ്ങൾ നിർണായക തെളിവ് ആകും.
മരിച്ച യുവാവിന് 25 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









