തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിനിരയായി ബസ് ഡ്രൈവര്‍ ചേര്‍പ്പ് സ്വദേശി സഹര്‍ (32) മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.
കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രാഹുല്‍ എന്ന പ്രതി വിദേശത്തേക്ക് കടന്നു. ഇരിങ്ങാലക്കുട റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ്. പി പറഞ്ഞു.
ഫെബ്രുവരി 18ന് അര്‍ധരാത്രി ശിവരാത്രിയില്‍ ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ക്രൂരമായ മര്‍ദനമുണ്ടായത്. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പുലര്‍ച്ച വരെ മര്‍ദനം തുടര്‍ന്നു.
പുലര്‍ച്ചയോടെ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് കരച്ചിലായി. ഇതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. തീവ്രപരിചരണ വിഭാഗത്തില്‍നിന്നും വെന്റിലേറ്ററിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് ജീവന് നഷ്ടമാകുകയായിരുന്നു.
മര്‍ദനം നടന്ന ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരാളെ പോലും പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സഹര്‍ മരിച്ചതോടെയാണ് കേസിന് വീണ്ടും അനക്കമുണ്ടായിരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ വന്‍ വീഴ്ചയുണ്ടായതായി വിമര്‍ശനമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









