കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക നിവാരണ പ്രവർത്തനങ്ങളുടെ 95 ശതമാനത്തിലധികം പൂർത്തിയായി. ചതുപ്പ് പ്രദേശം ഒഴികെയുള്ള സ്ഥലങ്ങളിൽ തീയും പുകയും പൂർണമായും ശമിച്ചു. ഏറ്റവുമധികം പുക ഉയരുന്ന സെക്ടർ 6, 7 ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരം അണച്ചതായി ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. തീപിടിക്കുന്ന വാതകങ്ങളുടെ സാന്നിധ്യം മൂലം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇപ്പോഴും ചെറിയ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് കളക്ടർ പറഞ്ഞു. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കും. പുക പൂർണമായും അണച്ചാലും അഗ്നിശമന സേന സേവനം തുടരും.
പുക അണയ്ക്കാൻ രാവും പകലും ശ്രമം തുടരുകയാണ്. മാലിന്യ പ്ലാന്റ് ഏരിയയിൽ അസ്ക ലൈറ്റുകൾ സ്ഥാപിച്ച് പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ രാത്രിയിൽ ഫലപ്രദമാണ്. ഫയർ ടെൻഡറുകൾ നേരിട്ട് എത്താൻ കഴിയാത്തതാണ് ചതുപ്പ് മേഖലയിൽ നേരിടുന്ന പ്രശ്നം. ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്ന് ഉയർന്ന മർദത്തിൽ വെള്ളം പമ്പ് ചെയ്താണ് ഇതിന് പരിഹാരം കണ്ടെത്തിയത്. മിനിറ്റിൽ നാലായിരം ലിറ്റർ വെള്ളമാണ് ഇങ്ങനെ പമ്പ് ചെയ്യുന്നത്. അഗ്നിശമന സേനയ്ക്ക് എത്താൻ കഴിയാത്ത മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനും പമ്പ് ഉപയോഗിക്കുന്നു.
അഗ്നികുണ്ഡങ്ങളിൽ നിന്ന് ചെറിയ തോതിൽ പുക ഉയരുന്നുണ്ടോ എന്നറിയാൻ പട്രോളിങ് സംഘവും രംഗത്തുണ്ട്. മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.
പുകയണയ്ക്കല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പുകയുടെ അളവില്‍ ഗണ്യമായ കുറവുവന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഇരുനൂറ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പുറമെ കോര്‍പറേഷന്‍ ജീവനക്കാര്‍, പോലീസുകാര്‍, നാവികസേനാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ദൗത്യരംഗത്തുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









