കോഴിക്കോട്: മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. തിരുവമ്പാടി സ്വദേശി സെബാസ്റ്റ്യൻ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ അഭിലാഷ് ഇരുവരെയും മർദിച്ചതായാണ് പോലീസിന് ലഭിക്കുന്ന വിവരം. മർദനത്തിൽ പരിക്കേറ്റ സെബാസ്റ്റ്യൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മാർച്ച് 31നായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് ഇരുവരെയും ക്രൂരമായി മർദിച്ചതായി നാട്ടുകാർ പറയുന്നു. തൊട്ടടുത്ത ദിവസമാണ് ദമ്പതികൾക്ക് മർദനമേറ്റ വിവരം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സെബാസ്റ്റ്യന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്തു. സെബാസ്റ്റ്യന്റെയും മേരിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മേരിയുടെ മുതുകിന് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









