ജിദ്ദ: കണ്ണൂർ വിമാനത്താവളത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണമായത് വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയാണെന്ന് പ്രവാസികൾ. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഇതുമൂലം മിക്കവരും യാത്രയ്ക്കായി മറ്റ് വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. അതിനാൽ കണ്ണൂരിൽ നിന്നുള്ള വിവിധ ഗൾഫ് സർവീസുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് പ്രവാസികളുടെ ചോദ്യം.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 28,000 മുതൽ 38,000 രൂപ വരെയാണ് ഈ സർവീസിൽ ഈടാക്കിയിരുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്ത കണ്ണൂർ സ്വദേശിയും യാമ്പുവിലെ സാമൂഹിക-സന്നദ്ധ പ്രവർത്തകനുമായ നാസർ നടുവില്‍ പിടിച്ചെടുത്ത വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് 20,000 രൂപയിൽ താഴെയാകുമ്പോൾ കണ്ണൂരിൽ നിന്നുള്ള നിരക്ക് അമിതമാണെന്ന് അദ്ദേഹം പറയുന്നു.
കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് ആളില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് പറക്കുമ്പോഴും ടിക്കറ്റ് അന്വേഷിക്കുന്നവർക്ക് ബുക്കിംഗ് പൂര്‍ത്തിയായി എന്ന സ്ഥിരം മൊഴിയാണ് പലപ്പോഴും ലഭിക്കാറുള്ളതെന്നും യാത്രക്കാര്‍ പറയുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ ഭീമമായ തുക ഈടാക്കി ടിക്കറ്റ് വാങ്ങുന്ന തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും ഇതുകാരണം യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടും നഷ്‌ടത്തിലായിട്ടും ഒഴിഞ്ഞ സീറ്റുകളുമായി എയർലൈൻസ് സർവീസ് നടത്തുന്നതെന്തിനെന്ന് പ്രവാസികൾ ചോദിക്കുന്നു.
എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയിൽ സ്വദേശത്തും വിദേശത്തും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കണ്ണൂരിൽ നിന്നുള്ള വിമാനങ്ങളുടെ എണ്ണം കുറയുന്നത് വിമാനത്താവളത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നു. ഇത് വിമാനത്താവളത്തിന്റെ ചിറകൊടിക്കാൻ തന്നെ കരണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.