കോഴിക്കോട്: ഗൾഫ് സ്‌കൂളുകളിലെ മധ്യവേനൽ അവധിയും ബലി പെരുന്നാളും മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ നിരക്ക് പോലും കൂടുതലാണ്. സീസണുകളിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം വിസമ്മതിക്കുകയായിരുന്നു.
ജിദ്ദയിൽ നിന്നുള്ള നാലംഗ കുടുംബത്തിന് വീട്ടിലെത്താൻ ശരാശരി മൂന്ന് ലക്ഷം രൂപ വേണം. 60,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
ദുബായിൽ നിന്ന് വരാനും പോകാനും മൂന്ന് ലക്ഷത്തിലധികം രൂപയാണ് ചെലവ്. സ്‌കൂൾ അവധി തുടങ്ങുന്ന ജൂൺ 22ന് ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് 38,800 രൂപയും അടുത്ത ദിവസം 45,300 രൂപയും ആണ്. സാധാരണയായി 10,000 രൂപയ്ക്കുള്ളിൽ ടിക്കറ്റുകൾ ലഭിക്കും.
സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകരിക്കണം. രാജ്യത്തിന് സ്വന്തമായി വിമാനക്കമ്പനി ഇല്ലാത്തതിനാൽ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ. വിമാനങ്ങളുടെ അഭാവം മൂലം കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകൾ പോലും വെട്ടിക്കുറച്ചിരിക്കുകയാണ്.
മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികളാണെങ്കിൽ, ചാർട്ടേഡ് വിമാനം പുറപ്പെടുന്ന രാജ്യത്ത് നിന്ന് പ്രത്യേക അനുമതി വാങ്ങണം. കേന്ദ്ര വ്യോമയാന മന്ത്രാലയവും അനുകൂലമാകണം. വിമാനക്കമ്പനികൾ നിശ്ചയിക്കുന്ന നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിൽ സീസണിൽ അധിക സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമാണ് സേവനം അനുവദിക്കുന്നത്. സിവിൽ ഏവിയേഷൻ സെക്രട്ടറി ഉറപ്പ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
ജൂൺ പകുതിക്ക് ശേഷം നിരക്ക്
(എയര്‍ ഇന്ത്യ എക്സ് പ്രസ്)
ജിദ്ദ – കോഴിക്കോട്………………………………… 61,000
ഷാര്‍ജ – കോഴിക്കോട്………………………….. 42,000
അബുദാബി – കോഴിക്കോട്………………..48,000
അബുദാബി – തിരുവനന്തപുരം………. 42,000
ദോഹ – തിരുവനന്തപുരം………………….. 51,000
ദോഹ – കൊച്ചി………………………………………42,000
മസ്ക്റ്റ് – കൊച്ചി ……………………………………… 25,000
ഷാര്‍ജ – കണ്ണൂര്‍……………………………………..37,000
ദുബായ് – കണ്ണൂര്‍………………………………… 46,800
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.