സംസ്ഥാനത്ത് കാലവർഷം ശക്തമാകുമ്പോൾ കണ്ണൂരിൽ ഉരുൾപൊട്ടൽ. കണ്ണൂർ കപ്പിമല പൈതല്‍കുണ്ടിലാണ് സംഭവം. രാവിലെ 10 മണിയോടെ കാപ്പിമല വനത്തോട് ചേർന്നാണ് ഉരുൾപൊട്ടലുണ്ടായത്. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത്.
ജനവാസമില്ലാത്ത പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇതോടെ വൻ ദുരന്തം ഒഴിവായി. എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.
അതേസമയം, സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴ പെയ്യുകയാണ്. തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷൻ പരിസരത്ത് മരം വീണു. വയനാട്, കണ്ണൂർ ജില്ലകളിൽ വിവിധയിടങ്ങളിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. പാലക്കാട് കനത്ത മഴയിൽ ഗായത്രി നദിയിൽ ജലനിരപ്പ് ഉയർന്ന് പാലം മുങ്ങി. ആലത്തൂര്‍ പറക്കുന്നം പതിപാലമാണ് മുങ്ങിയത്.
കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരിയിലെ ചെമ്പുകടവ്, കോഴിക്കോട് താലൂക്കിലെ കപ്പക്കൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുകയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് കനത്ത മഴയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









