ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. 15 ദിർഹത്തിന് (ഏകദേശം 337 ഇന്ത്യൻ രൂപ) വിമാനത്തിൽ വച്ച് വാങ്ങിയ ബിരിയാണിയുടെ വീഡിയോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് പാത്രത്തിൽ നിറച്ച ബിരിയാണിയിൽ വെള്ളം നിറഞ്ഞിരുന്നു. ഇത് ന്യായമാണോ അന്യായമാണോ എന്നും അദ്ദേഹം കുറിപ്പിൽ ചോദിച്ചു.
‘കഴിഞ്ഞ ദിവസം ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്തു. സൗജന്യ ലഘുഭക്ഷണം ഇപ്പോൾ നിർത്തലാക്കി. ഇരട്ടി കൂലി കൊടുത്താണ് ടിക്കറ്റ് എടുത്തത്. അകത്തു കടന്നപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാലും ബിരിയാണി കഴിക്കാമെന്ന് കരുതി ഓർഡർ ചെയ്തു. ഒരു ചെറിയ പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അൽപ്പം മാറുമെന്ന് കരുതിയെങ്കിലും പ്ലാസ്റ്റിക് പാത്രം തുറന്നപ്പോൾ ബിരിയാണിയുടെ രൂപം കണ്ടു. സഹോദരന്മാരേ…കണ്ട് പറയൂ…ഇത് ന്യായമാണോ…? അന്യായമാണോ…?’, എന്നാണ് കുറിപ്പ്.
അതേസമയം, അഷ്‌റഫ് താമരശ്ശേരിക്ക് നേരിട്ട ദുരനുഭവത്തിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആൻഡ് എയര്‍ ഏഷ്യ ഇന്ത്യ ക്ഷമാപണം നടത്തി. ‘ഹലോ അഷ്‌റഫ്, നിങ്ങൾക്ക് ഉണ്ടായ നിരാശാജനകമായ അനുഭവത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് ഈ അനുഭവം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങൾ ഞങ്ങൾക്ക് ഒരു സ്വകാര്യ സന്ദേശമായി അയയ്ക്കുക. ഞങ്ങൾ പ്രശ്നം ഉടൻ പരിഹരിക്കും; ”അഷ്‌റഫിന്റെ പോസ്റ്റിന് താഴെ പോസ്റ്റ് ചെയ്ത ഒരു കമന്റിൽ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.