വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം മുറുകിയതോടെ സീസണിന്റെ മധ്യത്തിലും വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു. അവധിക്കാലത്തിന്റെ തുടക്കത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ ബാധിച്ചിരുന്നു. വളരെ നേരത്തെ ടിക്കറ്റ് എടുത്തവർക്കാണ് ഇളവ് ലഭിച്ചത്. എന്നാൽ പിന്നീട് ടിക്കറ്റ് നിരക്ക് കുറച്ചു. ബഹ്‌റൈനിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ ആദ്യം കുറച്ചത് ഇൻഡിഗോയാണ്.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കും പിന്നാലെ കുറഞ്ഞു. ഇൻഡിഗോ ബഹ്‌റൈനിൽ നിന്ന് പ്രതിദിന മുംബൈ, കൊച്ചി സർവീസുകൾ ആരംഭിച്ചിരുന്നു. മുംബൈയിൽ നിന്ന് കണ്ണൂരും കോഴിക്കോട്ടും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്റ്റിംഗ് വിമാനങ്ങൾ ഉള്ളതിനാൽ ഈ സര്‍വിസുകള്‍ യാത്രക്കാർക്ക് പ്രയോജനകരമാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കണക്ടിംഗ് ഫ്ലൈറ്റും ഉണ്ട്. രണ്ട് വിമാനങ്ങളിലും പ്രതിദിനം 340 സീറ്റുകൾ ലഭ്യമാണ്. ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചിയിൽ നിന്നുള്ള സർവീസ് രാത്രി 8.30 ന് ഉള്ളതിനാൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഇത് പ്രയോജനപ്പെടുത്തുന്നു.
ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ ടിക്കറ്റുകൾ ഇപ്പോൾ 58 ദിനാറിന് ലഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് 52 ദിനാർ ഈടാക്കുന്നു. മടക്കയാത്ര ഉൾപ്പെടെ 104 ദിനാർ ആണ് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക്. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് 61 മുതൽ 75 ദിനാർ വരെയാണ് എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക്. ബഹ്‌റൈനിൽ നിന്ന് മുംബൈ വഴി കണ്ണൂരിലേക്ക് ഇൻഡിഗോ ടിക്കറ്റിന് 57 ദീനാറിന് ലഭിക്കും. 20 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.