മലപ്പുറം : റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ കുട്ടികളുടെ മനസ്സിലേക്ക് പകരുന്ന മദ്രസ പാഠപുസ്തകത്തിന് അഭിനന്ദനവുമായി മോട്ടോർ വാഹന വകുപ്പ്. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മൂന്നാം ക്ലാസിൽ പഠിപ്പിക്കുന്ന പാഠപുസ്തകമായ ദുറുസുൽ ഇസ്‌ലാമിലൂടെയാണ് കുട്ടികളെ ട്രാഫിക് ബോധവൽക്കരണം പഠിപ്പിക്കുന്നത്.
ഇത് വാർത്തയായതിന് പിന്നാലെ മദ്രസാ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയതിന് സുന്നി വിദ്യാഭ്യാസ ബോർഡിനെ മോട്ടോർ വാഹന വകുപ്പ് അഭിനന്ദിച്ചു. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ശഫീഖ്, എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രമോദ് ശങ്കര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശബീര്‍ പാക്കാടന്‍ എന്നിവര്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും സുന്നി വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റുമായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരിയെ നേരില്‍ക്കണ്ട് അഭിനന്ദനം അറിയിച്ചു.
റോഡപകടങ്ങൾക്കെതിരെ ബോധവൽക്കരണം സാമൂഹിക ഉത്തരവാദിത്തമാണെന്നും കുട്ടികൾക്കും മുതിർന്നവർക്കും റോഡ് നിയമങ്ങൾ പകർന്നുനൽകുന്നത് വളരെ ആവശ്യമാണെന്നും ഖലീൽ തങ്ങൾ പറഞ്ഞു. റോഡപകടങ്ങള്‍ ഒഴിവാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിതാന്ത ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ കൊടുക്കുകയും റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുകയും ചെയ്യണം. ഇതിനായി മഹല്ല് അടിസ്ഥാനത്തില്‍ പ്രത്യേക ബോധവത്കരണവും നിയമപഠന ക്ലാസ്സുകളും സംഘടിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









