കരിപ്പൂർ: എഞ്ചിൻ തകരാറിനെ തുടർന്ന് കോഴിക്കോട് നിന്ന് ദുബായിലേക്ക് 8.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. എല്ലാ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കി ബോര്‍ഡിങ്ങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിമാനത്തിന് എഞ്ചിൻ തകരാറിലായ വിവരം യാത്രക്കാരെ അറിയിച്ചത്.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എയർപോർട്ട് റൺവേ അടച്ചിടുന്നതിനാല്‍, വൈകിട്ട് ആറിന് ശേഷം അതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റുകയോ 7 മണിക്കുള്ള വിമാനത്തിൽ കയറ്റുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ യാത്രക്കാരെ നേരിട്ട് അറിയിച്ചു. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചു.
യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്നും സമീപത്തുള്ളവർക്ക് വീടുകളിലേക്ക് പോകാമെന്നും അധികൃതർ അറിയിച്ചു. വൈകിട്ട് അഞ്ചിന് വിമാനത്താവളത്തിലെത്താൻ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. യുഎഇയിൽ അടുത്തയാഴ്ച സ്‌കൂളുകൾ തുറക്കുന്നതിനാൽ നിരവധി സ്ത്രീകളും കുട്ടികളും വിമാനത്തിൽ കയറേണ്ടതായിരുന്നു. യന്ത്രത്തകരാർ പരിഹരിക്കാൻ തിരുവനന്തപുരത്ത് നിന്ന് ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.