ഫുജൈറ: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നു. ഫുജൈറ എയർപോർട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ രണ്ട് മുതൽ സലാം എയർ സർവീസ് ആരംഭിക്കും. ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴിയാണ് സർവീസ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10.20നും വൈകിട്ട് 7.50നുമാണ് കോഴിക്കോട്ടേക്ക് സർവീസ്. അന്ന് വൈകിട്ട് 4.20ന് ഫുജൈറയിലേക്ക് തിരിച്ചും സർവീസ് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസമാണ് സലാം എയർ ഫുജൈറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചത്. കേരളത്തിന് പുറമെ ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരുന്നു.
നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9നും രാത്രി 8.15നും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ നാല് സർവീസുകളാണുള്ളത്. മസ്കറ്റിൽ കേന്ദ്രമായി സർവീസ് നടത്തുന്ന സലാം എയർ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നതിനാൽ പുതിയ സർവീസ് മലയാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ നിരക്കിനൊപ്പം 40 കിലോ ബാഗേജും അനുവദിക്കും.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ സമീപ പ്രദേശങ്ങളിൽ നിന്നും മറ്റ് എമിറേറ്റുകളിൽ നിന്നുമുള്ള യാത്രക്കാരെ സലാം എയറിന്റെ പുതിയ സർവീസ് ഫുജൈറയിലേക്ക് ആകർഷിക്കുന്നു.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികൾ ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർ ഇന്ത്യ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചു. ഫുജൈറയിൽ നിന്നുള്ള ചരക്ക് വിമാനങ്ങളുടെ സർവീസ് വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ചരക്കുകള്‍ സംഭരിക്കുന്നതിന് ഫുജൈറയിൽ സംഭരണ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.