കരിപ്പൂർ: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. അടുത്ത മാസം ഒന്നു മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള സർവീസും നിർത്തിവയ്ക്കും. ഇതോടെ കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും. ഒമാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവിൽ ഇനി പറക്കാൻ കഴിയില്ല.
മറ്റ് എയർലൈനുകൾ 15,000 രൂപയ്ക്ക് മുകളിൽ ഈടാക്കുന്നിടത്ത്, സലാം എയറിൽ 6,000 രൂപ വരെ ടിക്കറ്റുകൾ ലഭ്യമായിരുന്നു. കുറഞ്ഞ നിരക്കിനൊപ്പം 40 കിലോ ബാഗേജും അനുവദിച്ചിരുന്ന സർവീസ് ആയിരുന്നു. ഒട്ടുമിക്ക ഗൾഫ് മേഖലകളിലേക്കും സൗദി അറേബ്യയിലേക്കും കുറഞ്ഞ നിരക്കിൽ അവർ കണക്ഷൻ സേവനങ്ങളും നല്‍കിയിരുന്നു. ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ, വിമാനങ്ങളുടെ കുറവ് കാരണം ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുകയാണെന്ന് കമ്പനി പറയുന്നു. ഒക്‌ടോബർ 1 മുതൽ കമ്പനി വെബ്‌സൈറ്റിൽ നിന്ന് ബുക്കിംഗ് സൗകര്യവും നീക്കം ചെയ്തിട്ടുണ്ട്. റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും മുഴുവൻ തുകയും തിരികെ നൽകും. റീഫണ്ട് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബന്ധപ്പെടാമെന്നും കമ്പനി അധികൃതർ അറിയിച്ചു.
എത്രനാൾ സർവീസ് നിർത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന സലാം എയർ പിൻവലിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്. നിലവിൽ സലാം എയർ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്‌നൗ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേക്ക് സലാലയില്‍നിന്ന് രണ്ട് സർവീസുകളുണ്ട്. അടുത്ത മാസം ഒന്ന് മുതൽ മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കാനിരിക്കെയാണ് സലാം എയർ അപ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിൽ നിന്ന് പൂര്‍ണമായും പിൻവാങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.