ദുബായ്: പെൺകുട്ടികളുടെ രാജ്യാന്തര ഖുറാൻ പാരായണ മത്സരത്തിൽ 11 വയസ്സുള്ള മലയാളി വിദ്യാർഥിനി ഇന്ത്യക്കായി മിന്നും പ്രകടനം നടത്തി. 60 രാജ്യങ്ങൾ മാറ്റുരച്ച പാരായണ മത്സരത്തിൽ കോഴിക്കോട് സ്വദേശി ആയിഷ അസ്സ പാരായണമികവില്‍ മുന്നിലെത്തി.
സമ്മാനദാന ചടങ്ങ് തുടങ്ങാൻ ഖുർആൻ പാരായണം ചെയ്യാനും ഈ മലയാളിക്കായിരുന്നു ചുമതല. ദുബായ് സർക്കാർ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ശൈഖ ഫാത്തിമ ബിൻത് മുബാറക്ക് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലാണ് പെൺകുട്ടി ശ്രദ്ധേയ സാന്നിധ്യമായത്.
ഏഴു ദിവസത്തെ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച മത്സരമാണ് ആയിഷ കാഴ്ചവെച്ചത്. കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിത കുടുംബത്തിൽ നിന്നാണ് ആയിഷ ഇസ്സ വരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ സി. മുഹമ്മദ് ഫൈസിയുടെ മകളുടെ മകളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരുടെ പൗത്രീപുത്രിയുമാണ് ആയിശ.
കൊച്ചുമകളുടെ പ്രകടനം കാണാൻ സി. മുഹമ്മദ് ഫൈസി ദുബായിലെ അന്താരാഷ്ട്ര ഹോളി ഖുർആൻ ആസ്ഥാനത്ത് എത്തിയിരുന്നു. മൂന്നാം വയസ്സു മുതൽ പഠനം തുടങ്ങിയ ആയിഷ പത്താം വയസ്സിൽ തന്നെ ഖുർആൻ പൂർണമായി മനഃപാഠമാക്കി വാർത്തകളിൽ ഇടം നേടിയിരുന്നു. കോഴിക്കോട് മർകസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.എം. റഷീദ് സഖാഫിയുടെയും ഭാര്യ അസ്മയുടെയും മകളാണ് ഈ മിടുക്കി.
ഇപ്പോൾ ഈജിപ്തിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ദുബായിൽ നടന്ന മത്സരത്തിൽ ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.