കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയ്ക്ക് അയച്ച വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് ബാധയില്ല. ഭോപ്പാൽ ലാബിലേക്ക് അയച്ച 42 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. വവ്വാലുകൾ ഉൾപ്പെടെ വിവിധ ജീവികളുടെ സാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു.
സെപ്തംബർ 21നാണ് നിപ ബാധിത പ്രദേശങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ചത്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അതേ സമയം കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രത തുടരാനും തീരുമാനമായിട്ടുണ്ട്.
മാസ്‌കും സാനിറ്റൈസറുകളും നിർബന്ധമാണെന്ന് വിദഗ്ധ സമിതി അറിയിച്ചിരുന്നു. നിയന്ത്രണം പൂർണമായും പിൻവലിക്കേണ്ടതില്ലെന്നും പുതിയ മാർഗനിർദേശങ്ങൾ പത്ത് ദിവസത്തേക്ക് ബാധകമാകുമെന്നും സമിതി നിർദേശിച്ചു.
നിലവിൽ ഐസൊലേഷനിലുള്ളവർ 21 ദിവസം തുടരണം. സമ്പർക്ക പട്ടികയിലുള്ള 915 പേർ ഐസൊലേഷനിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.