പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന ആസ്ഥാനത്ത് പ്രതിഷേധവുമായി വിശ്വാസി കൂട്ടായ്മ. ബിജെപിയില്‍ ചേര്‍ന്ന മുന്‍ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ എതിര്‍ക്കുന്ന വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഫാ. ഷൈജു കുര്യനെ ചുമതലകളില്‍നിന്ന് മാത്രം നീക്കിയാല്‍ പോരെന്നും ഭദ്രാസനത്തില്‍നിന്നു തന്നെ നീക്കണമെന്നുമാണ് ആവശ്യം. അതെ സമയം ഫാ. ഷൈജു കുര്യന് എതിരായ നടപടി എന്തിന്റെ പേരിലെന്ന് നേതൃത്വം വിശദീകരിക്കണമെന്നും വിശ്വാസി കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുമായി ബിഷപ്പ് ജോഷ്വാ മാര്‍ നിക്കോദിമോസ് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല. ആരോപണം മാത്രമാണ് നിലവിലുള്ളതെന്നും അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വന്നശേഷമെ തുടര്‍നടപടി എടുക്കാനാകുവെന്നുമാണ് നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ വിശദീകരണം.എന്നാല്‍, കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍നിന്ന് പുറത്താക്കുന്നതുവരെയും ശക്തമായ പ്രതിഷേധം തുടരുമെന്ന് വിശ്വാസ കൂട്ടായ്മയിലെ അംഗമായ വര്‍ഗീസ് മണ്ണില്‍ വ്യക്തമാക്കി.
നിലയ്ക്കല്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് ജോഷ്വാ മാര്‍ നിക്കോദിമോസിനെയും മാറ്റണമെന്നും അതുവരെയും പ്രതിഷേധം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി. ആരോപണ വിധേയരായ വൈദികരെ നിലയ്ക്കല്‍ ഭദ്രാസത്തില്‍നിന്നും തുടച്ചുനീക്കണമെന്നും പെരുന്നാളിന് ഉള്‍പ്പെടെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. വിശ്വാസികള്‍ക്കിടയില്‍ വിഷയത്തില്‍ വിശദീകരണം നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









