ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവന്‍ സൈഫുല്ലയെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്ന് സേന വ്യക്തമാക്കി. മറ്റൊരു ഭീകരനെ അറസ്റ്റ് ചെയ്തതായും തീവ്രവാദത്തിനെതിരായ വലിയ വിജയമാണിതെന്നും പൊലീസ് വ്യക്തമാക്കി.
ശ്രീനഗറിലെ രംഗ്രെത്തില്‍ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. പോലീസ്, സിആർപിഎഫ്, പിന്നീട് കരസേന എന്നിവയും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. ഇവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സമീപ കാലത്തു നിരവധി ഭീകരാക്രമണം നടത്തിയ സൈഫുല്ലയെ സുരക്ഷാ സേനകള്‍ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലിലൂടെ ഇയാളെ വധിച്ചത്.
ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിലാണ് സൈഫുല്ലയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിനേത്തുടര്‍ന്ന് മറ്റൊരു ഭീകരനെ സൈന്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.
മെയ് മാസത്തില്‍ റിയാസ് നിയിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുല്ല ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്. ജമ്മു കശ്മീരില്‍ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ 2014 ലാണ് ഹിസ്ബുള്ളില്‍ ചേര്‍ന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.