കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചർച്ചയില്‍ വിലയിരുത്തല്‍.
ആദ്യഘട്ടത്തില്‍ 27.1 കിലോമീറ്റർ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. തെക്കുവടക്ക് ദിശയില്‍ വെസ്റ്റ്ഹില്‍-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂർ-രാമനാട്ടുകര റൂട്ടിലാണ് ആദ്യ കോറിഡോർ. കിഴക്കുപടിഞ്ഞാറ് ദിശയില്‍ മെഡിക്കല്‍ കോളജ്-തൊണ്ടയാട്-കോഴിക്കോട് ബീച്ച് റൂട്ടിലാണ് രണ്ടാമത്തെ കോറിഡോർ. വെസ്റ്റ്ഹില്‍-രാമനാട്ടുകര കോറിഡോറിന് 19 കിലോമീറ്ററും മെഡിക്കല്‍ കോളേജ്- ബീച്ച് കോറിഡോറിന് 8.1 കിലോമീറ്ററുമാണ് ദൈർഘ്യം.
ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് രണ്ട് കോറിഡോറുകള്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ് പറഞ്ഞു. കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരട് നിർദ്ദേശം കോർപ്പറേഷനില്‍ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. ഇതിന് ഏഴ് മാസം സമയമെടുക്കും. തുടർന്ന് വിശദപദ്ധതിരേഖ തയാറാക്കും, 50 മുതല്‍ 60 വർഷം വരെയുള്ള കോഴിക്കോടിന്റെ വികസനം മുൻകൂട്ടി കണ്ടാണ് പദ്ധതി തയ്യാറാക്കുന്നതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബൈലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതിയെന്ന് യോഗത്തില്‍ പങ്കെടുത്ത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി. ലോക്നാഥ് ബെഹ്റ പറഞ്ഞു. തൂണുകളിലാണ് (എലിവേറ്റഡ്) മെട്രോ വരുന്നതെങ്കില്‍ സ്റ്റേഷനുകള്‍ നിർമ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രോ റെയില്‍ ഗതാഗത സംവിധാനത്തിന് സാമൂഹിക പ്രസക്തിയുണ്ടെന്നും നമുക്ക് മാറിനില്‍ക്കാനാവില്ലെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഇതോടനുബന്ധിച്ച് സർക്കുലർ ബസ് സർവീസുകള്‍, നിലവിലെ സിറ്റി ബസ് സർവീസുകളുടെ പുനർവിന്യാസം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പാർക്കിങ് ഇടങ്ങള്‍ ഒരുക്കല്‍ എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി വരുമ്ബോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം കുറ്റമറ്റ രീതിയില്‍ നടപ്പാക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.
കോഴിക്കോടിന്റെ ഭാവി മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതാണ് നല്ലതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. കരട് മൊബിലിറ്റി പ്ലാനിന്റെ അടിസ്ഥാനത്തില്‍ മെട്രോയുടെ ആദ്യഘട്ടം ആരംഭിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ആദ്യഘട്ടം പൂർത്തീകരിച്ച ശേഷം അടുത്തഘട്ടം ആരംഭിക്കണമെന്നും സംയോജിത ഗതാഗത സംവിധാനം ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ ആവശ്യമാണെന്നാണ് ചർച്ചയില്‍ ഉരുത്തിരിഞ്ഞ പൊതു അഭിപ്രായം. വർധിച്ചുവരുന്ന തിരക്ക്, അതിവേഗ നഗരവത്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത് നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ പരമ്ബരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സർവേ നടത്തി കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ തീരുമാനിക്കാൻ കഴിയൂ. വിവിധ ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ചർച്ചയില്‍ പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ലാ പോലീസ് മേധാവി രാജ്പാല് മീണ, കോർപ്പറേഷൻ കൗണ്‍സിലർമാർ, വിവിധ മേഖലയിലെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







