ചേർത്തല (ആലപ്പുഴ) ∙നടുറോഡിൽ യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തി. പട്ടണക്കാട് വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപിന്റെയും ബാലാമണിയുടെയും മകൾ ആരതിയാണ് (32) മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് ശ്യാം ജി.ചന്ദ്രന്റെ (36) മൊഴി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ചുകയറിയെന്നു പറഞ്ഞ് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്ന് ശ്യാം മൊഴി നൽകി.
ശ്യാമിന് 70% പൊള്ളലുണ്ട് ഇന്നലെ രാവിലെയാണ് സ്കൂട്ടറിൽ ജോലിസ്ഥലത്തേക്കുപോയ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്നു ശ്യാം പെട്രോളൊഴിച്ചു തീകൊളുത്തിയത്. 90% പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരതി ഇന്നലെ വൈകിട്ട് മരിച്ചു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന ആരതി, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങി. തുടർന്ന് വണ്ടി തടഞ്ഞ് ആരതിയെ വലിച്ചിറക്കി തലവഴി പെട്രോളൊഴിച്ചു ശ്യാം തീ കൊളുത്തിയെന്നു പൊലീസ് . നിലവിളിച്ചുകൊണ്ട് ഓടി ഇവർ അടുത്ത വീടുവരെ എത്തി. ഓടിക്കൂടിയവരാണു തീയണച്ചത്. ശ്യാമിൽനിന്നു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആരതി കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീടും ഭീഷണി തുടർന്നതോടെ പട്ടണക്കാട് പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽനിന്നു ജാമ്യം ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










