ഇന്ത്യൻ ആർമിയില്‍ 2024 -2025 -ലെ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.അഗ്നിവീർ ജനറല്‍ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കല്‍ അഗ്നിവീർ ട്രേഡ്‌സ്മാൻ,അഗ്നിവീർ ഓഫീസ് അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് തിരഞ്ഞെടുപ്പ്.അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം.
വിദ്യാഭ്യാസ യോഗ്യത :
ജനറല്‍ ഡ്യൂട്ടി : ഓരോ വിഷയത്തിനും 33 ശതമാനം മാർക്കോടെയും ആകെ 45 ശതമാനം മാർക്കോടെയും നേടിയ പത്താംക്ലാസ് വിജയം. ഗ്രേഡിങ് സിസ്റ്റത്തില്‍ വിജയിച്ചവർ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം.
ടെക്‌നിക്കല്‍ : ഫിസിക്സ് ,കെമിസ്ട്രി, മാത്‍സ്,ഇംഗ്ലീഷ് എന്നിവയുള്‍പ്പെട്ട സയൻസ് പ്ലസ്‌ടു, ഓരോ വിഷയത്തിനും 40 ശതമാനം മാർക്കോടെയും ആകെ 50 ശതമാനം മാർക്കോടെയും പാസായിരിക്കണം.
അല്ലെങ്കില്‍ ഫിസിക്സ്,കെമിസ്ട്രി,മാത്‍സ്,ഇംഗ്ലീഷ് എന്നിവയുള്‍പ്പെട്ട സയൻസ് പ്ലസ്‌ടുവും ഒരുവർഷത്തെ ഐ.ടി.ഐ.യും. അല്ലെങ്കില്‍ ഇംഗ്ലീഷ്,സയൻസ്,മാത്‍സ് എന്നിവ 40 ശതമാനം മാർക്കോടെയും ആകെ 50 ശതമാനം മാർക്കോടെയും നേടിയ പത്താംക്ലാസ് വിജയവും ദ്വിവത്സര ഐ.ടി.ഐ./ ദ്വിവത്സര/ ത്രിവത്സര ഡിപ്ലോമയും.(ഐ.ടി.ഐ./ ഡിപ്ലോമ വിഷയങ്ങള്‍ :മെക്കാനിക് മോട്ടോർ വെഹിക്കിള്‍,മെക്കാനിക് ഡീസല്‍,ഇലക്‌ട്രോണിക് മെക്കാനിക്,ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക് സിസ്റ്റംസ്,ഇലക്‌ട്രീഷ്യൻ,ഫിറ്റർ,ഇൻസ്ട്രുമെൻറ് മെക്കാനിക്, ഡ്രോട്ട്സ്‌മാൻ,സർവേയർ,ജിയോ ഇൻഫർമാറ്റിക് അസിസ്റ്റൻറ്,ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനെൻസ്,ഇൻഫർമേഷൻ ടെക്നോളജി,മെക്കാനിക് കം ഓപ്പറേറ്റർ ഇലക്‌ട്രിക് കമ്മ്യൂണിക്കേഷൻ സിസ്റ്റം,വെസ്സല്‍ നാവിഗേറ്റർ, മെക്കാനിക്കല്‍ എൻജിനീയറിങ്,ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്,കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്,ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി).
ഓഫീസ് അസിസ്റ്റൻറ് / സ്റ്റോർകീപ്പർ ടെക്‌നിക്കല്‍ : ഓരോ വിഷയത്തിനും 50 ശതമാനം മാർക്കോടെയും ആകെ 60 ശതമാനം മാർക്കോടെയും ആർട്സ്/ കൊമേഴ്‌സ്/ സയൻസ് വിഷയങ്ങളില്‍ നേടിയ പ്ലസ്‌ടു.(പന്ത്രണ്ടാം തലത്തില്‍ ഇംഗ്ലീഷിലും മാത്‍സ്/ അക്കൗണ്ട്സ്/ ബുക്ക് കീപ്പിങ്ങിലും 50 ശതമാനം മാർക്ക് നിർബന്ധമാണ്).
ട്രേഡ്‌സ്‌മെൻ (പത്താംക്ലാസ്): ഓരോ വിഷയത്തിലും 33 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയം.
ട്രേഡ്‌സ്‌മെൻ (എട്ടാംക്ലാസ്) : ഓരോ വിഷയത്തിലും 33 ശതമാനം മാർക്കോടെ നേടിയ എട്ടാംക്ലാസ് വിജയം.
പ്രായം : 17-21 വയസ്സ്. അപേക്ഷകർ 2003 ഒക്ടോബർ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. ശാരീരികയോഗ്യത : ഓരോ തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർക്ക് വേണ്ട ഉയരം,നെഞ്ചളവ് തുടങ്ങിയ വിവരങ്ങള്‍ അറിയാൻ പട്ടിക കാണുക. അപേക്ഷകർക്ക് പ്രായത്തിന് അനുസരിച്ച് ശരീരഭാരം ഉണ്ടായിരിക്കണം.
സേവാനിധി പാക്കേജ് : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്നിവീറായി നാലുവർഷമായിരിക്കും സർവീസ് ചെയ്യേണ്ടിവരുക. ആദ്യവർഷം 30,000 രൂപ,രണ്ടാം വര്ഷം 33,000 രൂപ മൂന്നാം വർഷം 36,500 രൂപ, നാലാംവർഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 70 ശതമാനം തുകയാണ് കയ്യില്‍ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യവർഷം 9,000 രൂപ,രണ്ടാംവർഷം 9,900 രൂപ ,മൂന്നാംവർഷം 10,950 രൂപ ,നാലാംവർഷം 12,000 രൂപ) പ്രതിമാസം നീക്കിവയ്ക്കും. ഇങ്ങനെ നീക്കിവയ്ക്കുന്ന തുകയും സർക്കാർ അനുവദിക്കുന്ന തുകയും ചേർത്തുള്ള 10.04 ലക്ഷം രൂപ സർവീസ് പൂർത്തിയാകുമ്ബോള്‍ സേവാനിധി പാക്കേജ് ആയി ലഭിക്കും. നാലുവർഷത്തെ സർവീസില്‍ നോണ്‍കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജിനും അർഹതയുണ്ടായിരിക്കും. സർവീസ് പൂർത്തിയാക്കുന്നവർക്ക് അഗ്നിവീർ സ്കില്‍ സെർട്ടിഫിക്കേറ്റും ലഭിക്കും.
തിരഞ്ഞെടുപ്പ് : കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പരീക്ഷയും പിന്നീട് റിക്രൂട്ട്മെൻ്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 22 മുതലായിരിക്കും പരീക്ഷ. തിരഞ്ഞെടുപ്പില്‍ എൻ.സി.സി.(എ,ബി,സി) സർട്ടിഫിക്കറ്റുകള്‍ നേടിയവർക്കും കായികതാരങ്ങള്‍ക്കും ബോണസ് മാർക്ക് അനുവദിക്കും. ടെക്‌നിക്കല്‍ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഐ.ടി.ഐ.ക്കാർക്കും ഡിപ്ലോമക്കാർക്കും ബോണസ് മാർക്ക് ഉണ്ടായിരിക്കും.
പരീക്ഷാഫീസ് : 250 രൂപ. അപേക്ഷയോടൊപ്പം ഓണ്‍ലൈൻ ലിങ്ക് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ : www.jonindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലും തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലുമാണ് ഉള്‍പ്പെടുക. അതാത് ഓഫീസുകളിലെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ചേർത്തിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള നിർദ്ദേശങ്ങള്‍ ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










