മലപ്പുറം : എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി അറസ്റ്റിലായി. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു.
കരാട്ടെ അദ്ധ്യാപകനെതിരെ പെണ്‍കുട്ടി നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഈ പരാതി കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വഴി പോലീസിന് കൈമാറിയിരുന്നെങ്കിലും പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നത് മൂലമാണ് പോലീസിന് മൊഴി രേഖപ്പെടുത്താന്‍ സാധിക്കാതിരുന്നത്.
പിന്നീട് കേസുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനി താല്‍ക്കാലികമായി പഠനം നിര്‍ത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തണമെന്നും നാട്ടുകാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










