കുന്ദമംഗലം: കുന്ദമംഗലത്തെ അക്ഷയ സെന്ററിലും മുറിയനാലിലെ മെഡിക്കല്‍ ഷോപ്പിലും മോഷണം. ദേശീയപാതയില്‍ കുന്ദമംഗലം അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന അക്ഷയ സെന്ററിലാണ് ഞായറാഴ്ച പുലർച്ച രണ്ടോടെ മോഷണം നടന്നത്. സെന്ററിന്റെ ഗ്ലാസ് നീക്കി ഷട്ടറിന്റെ പൂട്ടുപൊട്ടിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
ഒരു മൊബൈല്‍ ഫോണും ചില്ലറ നാണയങ്ങള്‍ ഉള്‍പ്പെടെ 15,000ത്തോളം രൂപയും മോഷണം പോയതായും സെന്ററിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടിരുന്നുവെന്നും അക്ഷയ സെന്റർ ഉടമ പറഞ്ഞു.
ഞായറാഴ്ചയായതിനാല്‍ മോഷണവിവരം ഉടമ അറിഞ്ഞിരുന്നില്ല. മോഷണംപോയ ഫോണിലേക്ക് അക്ഷയ സെന്ററില്‍നിന്നുള്ള ആവശ്യത്തിന് ഒരാള്‍ വിളിച്ചപ്പോള്‍ നടക്കാവില്‍നിന്ന് മറ്റൊരാള്‍ ഫോണ്‍ അറ്റൻഡ് ചെയ്തപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടർന്ന് അക്ഷയ സെന്റർ ഉടമ ആ ഫോണിലേക്ക് വിളിച്ചപ്പോഴാണ് നടക്കാവിലെ ഒരു ഹോട്ടലിലെ വേസ്റ്റ് ബിന്നില്‍നിന്ന് ഹോട്ടലുടമക്ക് ഫോണ്‍ ലഭിച്ച വിവരം അറിയുന്നത്. പിന്നീട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ ഉടമ ഫോണ്‍ ഏല്പിക്കുകയും ചെയ്തു. അക്ഷയ സെന്ററിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
മൂന്നുപേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വിയില്‍നിന്ന് വ്യക്തമായതായി ഉടമ പറഞ്ഞു. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് അക്ഷയ സെന്റർ ഉടമ മോഷണവിവരം അറിയുന്നത്. തുടർന്ന് കുന്ദമംഗലം പൊലീസില്‍ അറിയിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു.
ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് മുറിയനാലിലെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടന്നത്. 12,000 രൂപ നഷ്ടപ്പെട്ടെന്ന് നടത്തിപ്പുകാരൻ പറഞ്ഞു. പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലം സന്ദർശിച്ചു തെളിവെടുപ്പ് നടത്തി. കുന്ദമംഗലത്ത് അക്ഷയ സെന്ററില്‍ മോഷണം നടത്തിയതും ഈ സംഘമാണെന്ന് സി.ഐ എസ്. ശ്രീകുമാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










