മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന ഞെട്ടലിലാണ് നാട്ടുകാർ. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടിൽ നിഷമോൾ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാർട്ടേഴ്സിലേക്ക് മാറിയിട്ട്. നിഷയും ഭർത്താവും തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചുങ്കത്തറയിലെ ഭർത്തൃവീട്ടിൽ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുൻപാണ് നിഷമോൾ മാതൃവീടായ കറുകമണ്ണയിൽ എത്തിയത്. കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്. പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ഉൾപ്പെടെ നാലു മക്കളാണ് ഇവർക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികൾ തൊട്ടടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം നൽകുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല. നിഷയെ വെട്ടിയ ശേഷം ഭർത്താവ് ഷാജി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.