തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഉത്തരവ്. കെഎസ്ഇബി ചെയർമാനാണ് അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിൻ്റെയും സഹോദരൻ ഷഹദാദിൻ്റെയും വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് നിർദേശം.
കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ അസിസ്റ്റൻ്റ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു. ഓഫീസിനുള്ളിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി. വിലയിരുത്തൽ. ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ആക്രമണത്തിൽ കെഎസ്ഇബിക്കുണ്ടായ നഷ്ടം തിരിച്ചുകിട്ടിയാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ അജ്മലാണ് തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ബില്ലടക്കാത്തതിനെ തുടർന്ന് വൈദ്യതി കണക്ഷൻ വിച്ഛേദിച്ചതാണ് ആക്രമണത്തിന് കാരണം. കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർക്കുകയും പഴകിയ ഭക്ഷണസാധനങ്ങൾ ജീവനക്കാരുടെ മേൽ ഒഴിക്കുകയും ചെയ്തു.
ബില്ലടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച അജ്മൽ ഉടൻ കണക്ഷൻ പുനർസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ സാധിച്ചിരുന്നില്ല. കണക്ഷൻ പുനർസ്ഥാപിക്കാനായി ഇന്നലെ വീട്ടിലെത്തിയ ജീവനക്കാരുമായി വാക്കറ്റവും കയ്യാങ്കളിയുമുണ്ടായി. ജീവനക്കാർ പൊലീസിൽ പരാതിയും നൽകി. ഇതിൽ പ്രകോപിതനായാണ് ഇന്ന് രാവിലെ ഓഫീസ് ആക്രമിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.