ഉത്തര കന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനിനെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങണമെന്ന് ബന്ധുക്കള്‍.
റഡാർ ഉള്‍പ്പെടെയുള്ള പരിശോധന എത്രത്തോളം കാര്യക്ഷമമാണെന്ന് വ്യക്തതയില്ല. തിരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എന്താണ് നടപടിയില്ലാത്തതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.
അര്‍ജുൻ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷൻ റഡാറില്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. സിഗ്നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് നീക്കി തിരച്ചില്‍ തുടരുകയാണ് സംഘം. ഏത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കില്‍ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിലും വിവരം ലഭ്യമല്ല.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുൻ (30) അപകടത്തില്‍പ്പെട്ടത്. അപകടശേഷം പ്രവർത്തനരഹിതമായിരുന്ന അർജുന്റെ ഫോണ്‍ മൂന്നു ദിവസത്തിനു ശേഷം വെള്ളിയാഴ്ച എട്ടു മണിയോടെ റിങ് ചെയ്തതും ലോറിയുടെ എൻജിൻ ഓണായെന്ന വിവരവും പ്രതീക്ഷ നല്‍കി.
മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേർ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിക്കിടക്കുകയാണ്. മണ്ണുമാറ്റാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടങ്ങിയെങ്കിലും തൊട്ടടുത്ത് വീണ്ടും കുന്നിടിഞ്ഞതോടെ നിർത്തിവെച്ചു. വൈകീട്ട് വീണ്ടും മണ്ണുമാറ്റാൻ ശ്രമം തുടങ്ങി. നേവി സംഘമെത്തി തൊട്ടടുത്ത ഗംഗാവാലി നദിയില്‍ മെറ്റല്‍ ഡിറ്റക്ടറും തെർമല്‍ ക്യാമറയും ഉപയോഗിച്ച് പരിശോധിച്ചിട്ടും ലോറി കണ്ടെത്താനായിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.