കോഴിക്കോട്: പ്രതിഷേധിച്ചിട്ടും പരാതി നല്‍കിയിട്ടും ഫലമില്ല. ഇപ്പോള്‍ ബഡ്ജറ്റിലും അവഗണന.ജീവിത ദുരിതങ്ങളില്‍ വഴി മുട്ടിയ റേഷൻ വ്യാപാരികള്‍ ഒന്നും നടക്കില്ലെന്നായപ്പോള്‍ റേഷൻകടകളടച്ചുള്ള സമരത്തിനൊരുങ്ങുകയാണ്.
രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ല. അടുത്തമാസം പകുതിയോടെ കടകഎ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. ആറുവർഷമായി റേഷൻ വിതരണ കമ്മീഷൻ പരിഷ്കരണം നടപ്പിലാക്കാത്തതും കിറ്റ് കമ്മിഷൻ നല്കാത്തതുമാണ് തിരിച്ചടിയായത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മൂന്നു വർഷത്തിനുള്ളില്‍ നിരവധി റേഷൻ വിതരണകേന്ദ്രങ്ങളാണ് പൂട്ടിയത്. എല്ലാ വിതരണക്കാർക്കും ഏകീകരിച്ച കമ്മീഷൻ നല്‍കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നെങ്കിലും നടപടിയില്ല. 2018ല്‍ ഇ-പോസ് ആരംഭിച്ചപ്പോഴാണ് കമ്മീഷൻ പുനർനിർണയിച്ചത്. 2018ല്‍ തന്നെ കമ്മീഷൻ തുക പരിഷ്കരിക്കാമെന്ന് സർക്കാർ ഉറപ്പ് നല്‍കിയിട്ടും ആറു വർഷമായിട്ടും മാറ്റമില്ല. കൊവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മീഷനായി 40 കോടിയാണ് കിട്ടാനുള്ളത്. സാധാരണ കമ്മീഷനില്‍ നിന്ന് വേണം വാടക, ഇലക്ട്രിസിറ്റി ബില്‍ ജീവനക്കാരുടെ വേതനം എന്നിവ നല്‍കേണ്ടത്.
എന്നാല്‍ റേഷൻ കാർഡില്‍ കൂടുതല്‍ അംഗങ്ങളുള്ളതും കൂടുതല്‍ കാർഡുകള്‍ ഉളളതുമായ വിതരണ കേന്ദ്രങ്ങളില്‍ മാത്രമേ വ്യാപാരികള്‍ക്ക് കൂടുതല്‍ കമ്മിഷൻ കിട്ടുകയുള്ളൂ. കാർഡിലെ അംഗങ്ങളുടെ എണ്ണം കുറവുള്ള വ്യാപാരികള്‍ക്ക് ലഭിക്കുന്ന കമ്മീഷനില്‍ കാര്യമായ കുറവ് വരുന്നതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലാകും. റേഷൻ വേതനം ഏകീകരിച്ച് 30,000 രൂ പയാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ആവശ്യങ്ങള്‍ ഇവ
റേഷൻ വിതരണ കമ്മീഷൻ കാലോചിതമായി പരിഷ്കരിക്കുക.
കിറ്റ് കമ്മീഷൻ നല്‍കുക.
കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക
നിലവാരം കുറഞ്ഞ ഇ- പോസ് മെഷീന്റെ തകരാറുകള്‍ പരിഹരിക്കുക
ക്ഷേമനിധി ആനുകൂല്യം നല്‍കുക
ജില്ലയിലെ റേഷൻ കടകള്‍-900
ഓണത്തിന് മുൻപ് തന്നെ വ്യാപാരികള്‍ കടകളടച്ച് സമരത്തിലേക്ക് നീങ്ങാനാണ് ആലോചന. ഈ ആഴ്ച സ്റ്റേറ്റ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.