കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിനായി കോഴിക്കോടിന്റെ മലയോരം ഒരുങ്ങി. 25ന് പത്താമത് മലബാർ റിവർ ഫെസ്റ്റിവലാണ് മലയോരത്ത് തുടക്കമാവുന്നത്.
നാല് നാള്‍ നീളുന്ന ജലപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് കോടഞ്ചേരിയിലെ ചാലിപ്പുഴയും ഇരുവഞ്ഞിയും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയും വേദിയാവും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം 26 ന് രാവിലെ 11.30 ന് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ലിന്റോ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ സംബന്ധിക്കും.
25ന് ചക്കിട്ടപ്പാറയില്‍ ഫ്രീസ്റ്റൈല്‍ മത്സരങ്ങളുടെ ഫ്ളാഗ്‌ഓഫ് രാവിലെ 10 ന് മീൻതുള്ളിപ്പാറയില്‍ ടി. പി. രാമകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റില്‍ തുഴയെറിയുന്നത്. ഫ്രാൻസ്, ന്യൂസിലന്റ്, നോർവേ, ഇറ്റലി, റഷ്യ, സ്‌പെയിൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കയാക്കർമാർ ഇതിലുള്‍പ്പെടും. ഇവരില്‍ പലരും കോടഞ്ചേരിയില്‍ എത്തിക്കഴിഞ്ഞു. ഒരു മാസക്കാലം ഒൻപത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി നടന്ന, ജനങ്ങള്‍ ഏറ്റെടുത്ത പ്രീഇവന്റുകള്‍ക്ക് ഒടുവിലാണ് വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം എത്തുന്നത്.
ചൂണ്ടയിടല്‍ മത്സരം, മഴ നടത്തം, ഓഫ് റോഡ് നാഷണല്‍ ചാമ്ബ്യൻഷിപ്പ്, മഡ് ഫുട്‌ബോള്‍, സംസ്ഥാന കബഡി, നീന്തല്‍ മത്സരം, സൈക്കിള്‍ റാലി, വണ്ടിപ്പൂട്ട് തുടങ്ങിയവ റിവർ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി. ഫെസ്റ്റിന്റെ ഭാഗമായി പുലിക്കയത്ത് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 26ന് വൈകീട്ട് ആറ് മണിക്ക് കേരള ഫോക് ലോർ അക്കാഡമി അവതരിപ്പിക്കുന്ന കലാസന്ധ്യയും സമാപന ദിവസമായ 28 ന് രാത്രി ഏഴിന് അതുല്‍ നറുകരയുടെ മ്യൂസിക് ബാൻഡും വേദിയിലെത്തും. 28 ന് വൈകീട്ട് അഞ്ചു മണിക്ക് ഇലന്ത്കടവില്‍ നടക്കുന്ന സമാപനം പട്ടികജാതിപട്ടികവർഗ ക്ഷേമ മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









