വിലങ്ങാട്: ജൂലൈ 30ന് പുലർച്ചെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവർക്കു രേഖകള്‍ പുന:സൃഷ്ടിച്ചു നല്‍കാനുള്ള പ്രത്യേക അദാലത്ത് ഓഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകള്‍ ഉണ്ടാകും.
റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകള്‍, ജനന/മരണ/വിവാഹ സർട്ടിഫിക്കറ്റ്, മറ്റു റവന്യു രേഖകള്‍, കൃഷി സംബന്ധമായ രേഖകള്‍, പട്ടികവർഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍, സഹകരണ ബാങ്ക് എന്നിവയ്ക്കാണ് പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാവകുക. പ്രത്യേക അദാലത്ത് വിലങ്ങാട്ടെ ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവർക്കു വേണ്ടി മാത്രമാണെന്നും അല്ലാത്ത ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
അദാലത്തില്വച്ചുതന്നെ കഴിയുന്നത്ര രേഖകള്‍ പുന:സൃഷ്ടിച്ചു നല്‍കാനാണ് ശ്രമം. അദാലത്തില്‍ വരുന്നവർ അവരുടെ നഷ്ടമായ രേഖകളുടെ പകർപ്പുകൈവശമുണ്ടെങ്കില് അതോ അല്ലെങ്കില്‍ നഷ്ടപ്പെട്ട രേഖകളുടെ നന്പറോ (ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് മുതലായവ) മറ്റ് എന്തെങ്കിലും സൂചനാ നന്പറുകളോ ഉണ്ടെങ്കില്‍ അവയും കരുതണമെന്ന് അധികൃതർ അറിയിച്ചു.
ഒന്നാം കൗണ്ടറിലെ രജിസ്ട്രേഷനുശേഷം ആവശ്യക്കാരനു നഷ്ടമായ രേഖകള്‍ ഏതാണോ അതനുസരിച്ചുള്ള അതാതു കൗണ്ടറിലേക്ക് തിരിച്ചുവിടും. റവന്യു, സിവില്‍ സപ്ലൈസ്, ഇലക്ഷൻ, ഐടി മിഷൻ, മോട്ടോർ വാഹനം, സാമൂഹ്യനീതി, തദേശ സ്വയംഭരണം, കൃഷി, രജിസ്ട്രേഷൻ, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്യാന്പില്‍ ഉണ്ടാവും. ഇതിനുപുറമേ ലീഡ് ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും പ്രതിനിധികളും ഉണ്ടാകും.
പ്രത്യേക അദാലത്തിന്റെ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു. അസി. കളക്ടർ ആയുഷ് ഗോയല്‍, വടകര ആർഡിഒ പി. അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്. സജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.