മുക്കം: മുക്കം നഗരസഭയിലെ പെരുന്പടപ്പില്‍ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് പുതുതായി ആരംഭിച്ച ബീവറേജസ് കോർപറേഷന്റെ മദ്യശാല ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല.
മദ്യശാലയ്ക്ക് നഗരസഭ ഡി ആൻഡ് ഒ ലൈസൻസ് നല്‍കിയത് ഭൂരിപക്ഷ കൗണ്‍സിലർമാരുടെ തീരുമാനം മറികടന്നാണെന്ന് ആരോപിച്ച് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണുമെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിൻമേല് ഇന്നു ചർച്ച നടക്കാനിരിക്കെയാണ് മദ്യശാല അടച്ചിട്ടത്.
ലൈസൻസ് നല്‍കിയതിനെതിരേ രണ്ട് കൗണ്‍സിലർമാരുള്ള ബിജെപിയും പ്രതിഷേധവുമായി എത്തിയിരുന്നു. മദ്യശാല വിഷയത്തില്‍ സമാന ചിന്താഗതിക്കാരുമായി ഒന്നിച്ചു നില്‍ക്കുമെന്ന് ബിജെപി കൗണ്‍സിലർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയെ അനുനയിപ്പിക്കാനാണ് ഇന്നലെ മദ്യശാല താല്‍ക്കാലികമായി അടച്ചിട്ടതെന്നു സൂചനയുണ്ട്. അതേ സമയം മദ്യശാലയ്ക്ക് നേരത്തെ അനുവദിച്ച ലൈസൻസ് ഇതുവരെ റദ്ദു ചെയ്തിട്ടില്ല.
33 അംഗ മുക്കം നഗരസഭയില്‍ എല്‍ഡിഎഫ്-15, വെല്‍ഫയർ പാർട്ടിയുടെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പടെ യുഡിഎഫ്-15, ബിജെപി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കൂടാതെ യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച ഒരാളുമുണ്ട്. ലീഗ് വിമതന്റെ പിന്തുണയോടെ നഗരസഭ ഇപ്പോള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. അവിശ്വാസ പ്രമേയ ചർച്ചയില്‍ യുഡിഎഫിനെ ബിജെപി പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടും. എല്‍ഡിഎഫിലെ ഒരു സിപിഎം വനിതാ കൗണ്‍സിലർ ജോലി ആവശ്യാർഥം വിദേശത്താണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.