കോഴിക്കോട് : ലോകോത്തര ഷോപ്പിംഗിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിക്കുന്ന കോഴിക്കോട് ലുലു മാള്‍ നാളെ തുറക്കും.
മാവൂർ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് പുതിയ മാള്‍. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ നാളെ രാവിലെ 11 മണി മുതല്‍ ഷോപ്പിംഗിനായി തുറക്കും. ഇതോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവയ്ക്ക് പുറമേ ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫണ്‍ടൂറയും സജ്ജമാണ്.
ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റില്‍ ലോകത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാകും. മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങള്‍ മുതല്‍ മലബാറിലെ കാർഷിക മേഖലയില്‍ നിന്നുള്ള പഴം, പച്ചക്കറി, പാല് ഉത്പന്നങ്ങള്‍ വരെ ഹൈപ്പർ മാർക്കറ്റില്‍ ലഭ്യമാകും. പലവ്യഞ്ജനങ്ങള്‍, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
വിട്ടുപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിംഗ് സമ്മാനിക്കും. വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 500 ല്‍ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ ഇവിടെ സൗകര്യമുണ്ട്. കെ.എഫ്.സി, ചിക്കിംഗ്, പിസ ഹട്ട്, ബാസ്കിൻ റോബിൻസ്, ഫ്ലെയിം ആൻ ഗോ, സ്റ്റാർബക്സ് തുടങ്ങി പതിനാറിലധികം ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.