കോഴിക്കോട്: ‘മലാന ക്രീം’ എന്ന് വിളിപ്പേരുള്ള പ്രത്യേക തരം ഹാഷിഷ് ഓയിലുമായി കോഴിക്കോട് യുവാവ് പിടിയില്‍. ഫാറൂഖ് കോളജ് സ്വദേശി കുന്നുമ്മല്‍ തടായി ഹൗസില്‍ ടി. ഷാഹുല്‍ ഹമീദിനെ (30) ആണ് കോഴിക്കോട് സൗത്ത് ബീച്ചിലെ ഹോട്ടലിനുസമീപത്ത് വെച്ച് ഡാൻസാഫും ടൗണ്‍ പൊലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങള് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഹുല്‍ ഹമീദ് ബീച്ചില്‍ നിന്ന് പിടിയിലായത്. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് ഇയാള്‍ ട്രെയിൻ മാർഗ്ഗം ഹാഷിഷ് വില്പനക്കായി കൊണ്ടുവന്നത്. ഇതിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വരും. മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ ഷാഹുല്‍ ഹമീദ്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
ഷാഹുല്‍ ഹമീദ് ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഫറോക്ക് സ്റ്റേഷനില്‍ ലഹരി ഉപയോഗിച്ചതിന് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാള്‍ ആർഭാടജീവിതത്തിനാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയത്. ആരില്‍ നിന്നാണ് ഹാഷിഷ് വാങ്ങിയതെന്നും ആർക്കാണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും പിടിയിലായ ഷാഹുലിനെ വിശദമായി ചോദ്യം ചെയ്ത് കണ്ടെത്തുമെന്ന് ടൗണ്‍ പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.