കോഴിക്കോട്: 30 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസിലെ കണ്ടക്ടറെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ചെറുകുറ്റിവയൽ സ്വദേശി ബിജു (29)ആണ് പിടിയിലായത്.
കോഴിക്കോട് സിറ്റി – ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ് ബിജു. ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പൊലീസിന് കിട്ടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് വ്യക്തമായി. സ്കൂൾ – കോളേജ് വിദ്യാർത്ഥികളാണ് ബിജുവിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരിൽ ഏറെയും.
ഇന്നലെ വൈകിട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിൽക്കാനായാണ് ഇയാൾ ഇവിടെ എത്തിയത്. ഫറോക് എസ്ഐ ആർഎസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒ.മാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂധനൻ, സനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.