ആലപ്പുഴ : ഓണ്‍ലൈൻ ട്രേഡിംഗിന്റെ പേരിലുള്ള രണ്ട് സൈബർ തട്ടിപ്പ് കേസുകളില്‍ കൊടുവള്ളിയിലെ കരുവൻപൊയില്‍, ചാത്തമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കൊടുവള്ളി കരുവൻപൊയില്‍ കൊടുവള്ളി മുനിസിപ്പല്‍ 18-ാം വാർഡില്‍ പടിഞ്ഞാറെ തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഫിർ (20) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് 3-ാം വാർഡില്‍ മുണ്ടോട്ട് പൊയില്‍ വീട്ടില്‍ ജാബിർ (19) എന്നിവരാണ് അറസ്റ്റിലായത്.
മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ആലപ്പുഴ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിർ പിടിയിലായത്. വെണ്മണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ വെണ്മണി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ തന്റെ അമ്മയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ പിൻവലിപ്പിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതിനാണ് ജാബിർ അറസ്റ്റിലായത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എസ്.പി. എ.സുനില്‍രാജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഗസ്റ്റിൻ വർഗീസ്, എ.സുധീർ, എ.എസ്.ഐ. ഹരികുമാർ, എസ്.സി.പി.ഒ. ബൈജു മോൻ, സി.പി.ഒ. നസീബ് എൻ. എന്നിവരടങ്ങുന്ന സംഘമാണ് കൊടുവള്ളിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ജാബിറിനെ ചെങ്ങന്നൂർ ജ്യുഡിഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിലും മിസ്ഫിറിനെ ആലപ്പുഴ സി.ജെ.എം. കോടതിയിലും ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.