കോഴിക്കോട്: കഴിഞ്ഞ 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ ചെയർമാനായി തുടരും. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം
വിജയിച്ചവരിൽ ഏഴുപേർ കോൺഗ്രസ് വിമതരും നാലുപേർ സി.പി.എം പ്രവർത്തകരുമാണ്. 1963 രൂപവത്കരിച്ച ബാങ്ക് 61 വർഷമായി കോൺഗ്രസാണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പർ ക്ലാസ് ബാങ്കാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോൺ നൽകിയിട്ടുള്ളത്. എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പർ മാർക്കറ്റും മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോർബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെൻ്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.
ചേവായൂർ, നെല്ലിക്കോട്, കോവൂർ, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് ശാഖകളാണ് ബാങ്കിന് കീഴിൽ ഉള്ളത്. 36000 ത്തോളം എ-ക്ലാസ് മെമ്പർമാർ ഉള്ള ബാങ്കിൻ്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ 8500 മെമ്പർമാരാണ് വോട്ട് ചെയ്തത്.
ഇന്ന് രാവിലെയാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. കള്ളവോട്ട് സംബന്ധിച്ചായിരുന്നു പരാതി. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങി. വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി.
സഹകരണ വകുപ്പിന്റെയും പോലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി ആരോപിച്ചു. വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചും മറ്റും കോൺഗ്രസാണ് കള്ളവോട്ടിന് നേതൃത്വം നൽകുന്നതെന്ന് സിപിഎമ്മും തിരിച്ചടിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടി. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് നേതാക്കൾ കോഴിക്കോട് വാർത്താസമ്മേളനം നടത്തി ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.