കോഴിക്കോട്: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഓടിച്ച സാബിത് റഹ്മാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. ആൽവിനെ ഇടിച്ച ബെൻസ് ജി വാഗൺ സാബിത് ആണ് ഓടിച്ചിരുന്നത്. കൂടെ ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ചിരുന്ന റയീസിന്റെ ലൈസെൻസ് 6 മാസത്തേക്കും റദ്ദാക്കി. ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നു. രണ്ട് വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ഇതടക്കമുള്ള നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് മോട്ടോർ വാഹന വകുപ്പ് രൂപം നൽകി. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും ആർസി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ എടുക്കുക.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്വിന് മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്വിന് പകർത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.