ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടു. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടും. ഇതോടെ തമിഴ്‌നാട്ടില്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താത്കാലിക ഷെല്‍ട്ടറുകള്‍ തുറന്നു.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ്. ചെന്നൈ ഉള്‍പ്പടെയുളള കടലോര ജില്ലകളില്‍ തീവ്ര മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകാം. ആര്‍ക്കോണത്ത് നിന്നുളള ദുരന്ത നിവാരണ സേനയെ കടലൂര്‍, ചിദംബരം തുടങ്ങിയ ജില്ലകളില്‍ വിന്യസിച്ചു. കാരയ്‌ക്കല്‍, നാഗപട്ടണം,പെരമ്ബൂര്‍, പുതുകോട്ടെ, തഞ്ചാവൂര്‍, തിരുച്ചിറപ്പളളി, തിരുവാവൂര്‍ അരിയല്ലൂര്‍ തുടങ്ങിയ ഡെല്‍റ്റ ജില്ലകളില്‍ കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങി അടഞ്ഞു കിടക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ താക്കോലുകള്‍ റവന്യൂ അധികാരികളെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാളെ ഉച്ചയോടെ കല്‍പാക്കത്തിനും കേളമ്ബാക്കത്തിനും ഇടയില്‍ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. നിവാറിന്റെ വരവറിയിച്ച് ജാഫ്ന ഉള്‍പ്പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ഇന്നലെ മുതല്‍ മഴ തുടങ്ങിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പുതുച്ചേരിയിലെ കാരയ്ക്കലിനും തമിഴ്നാട്ടിലെ മാമല്ലപുരത്തിനും ഇടയ്ക്കുള്ള മൈലാടുംതുറ, ചെങ്കല്‍പേട്ട്, നാഗപട്ടണം,വില്ലുപുരം എന്നിവിടങ്ങളില്‍ വന്‍നാശനഷ്ടമുണ്ടാകും. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.
ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ,എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിവാർ എന്ന കൊടുങ്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








