കൂരാച്ചുണ്ട്: വനം വകുപ്പിന്‍റെ കീഴില്‍ കക്കയത്ത് പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഗൈഡുമാരുടെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ ഗൈഡ് മാരെ നിയമിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ജോണ്‍സണ്‍ കക്കയം ആവശ്യപ്പെട്ടു. വനം വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന ഉരക്കുഴി ടൂറിസം മേഖലയില്‍ അപകടങ്ങള്‍ പതിവാണ്. ഈ ഭാഗത്ത് രണ്ട് ഗൈഡുമാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ടൂറിസം സെന്‍ററിന്‍റെ ആരംഭത്തിലുണ്ടായിരുന്ന ഏഴോളം ഗൈഡുമാർ ഇപ്പോള്‍ ജോലിയിലില്ല.കക്കയം അങ്ങാടി മുതല്‍ ഡാം സൈറ്റ് വരെയുള്ള 14 കിലോമീറ്റർ ദൂരത്തില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയും അനാശാസ്യ പ്രവർത്തനങ്ങളും വ്യാപകമായതിനാല്‍ ഇവിടങ്ങളില്‍ ഗൈഡുമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്.
ഈ മേഖലകളില്‍ രാത്രി സമയത്ത് പോലും സാമൂഹിക വിരുദ്ധർ വന്നു പോകുന്നുണ്ട്. മാത്രമല്ല വിനോദ സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പ്രദേശത്തെ ജലസ്രോതസുകള്‍ക്കും, പരിസ്ഥിതിക്കും ഭീക്ഷണിയുയർത്തുന്നുണ്ട്. ഡാം റോഡിൻ്റെ ഇരുഭാഗവും വളർന്നു നില്‍ക്കുന്ന കാടും വള്ളിപ്പടർപ്പുകളും യാത്രക്കാർക്കും വാഹനങ്ങള്‍ക്കും തടസം സൂഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ നടപടി വേണം.
കക്കയത്ത് പ്രവർത്തിച്ചിരുന്ന വനം സംരക്ഷണ സമിതി പുനസംഘടിപ്പിക്കണമെന്നും, പുതിയ ഗൈഡുമാരെ കേന്ദ്രത്തില്‍ നിയമിക്കണമെന്നും ജോണ്‍സണ്‍ കക്കയം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










