തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെത്തുന്ന അതിഥിത്തൊഴിലാളിക്കുട്ടികള്‍ കാല്‍ലക്ഷമായതോടെ, എല്ലാവരെയും സ്‌കൂളിലെത്തിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേകപദ്ധതി.
2023-24 അധ്യയനവര്‍ഷം അതിഥിക്കുട്ടികള്‍ 21,299 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 24,525 ആയി ഉയര്‍ന്നു. ഇതോടെയാണ്, അതിഥിത്തൊഴിലാളികളുടെ മക്കളെ മുഴുവന്‍ അങ്കണവാടികളിലും സ്‌കൂളിലുമെത്തിക്കാന്‍ ‘ആയിയേ ഏക് സാഥ് സീഖേ’ (നമുക്കൊന്നിച്ച് പഠിക്കാം) എന്ന പേരിലുള്ള പുതിയ പഠനപരിപാടി.
പഠനം സുഗമമാക്കാന്‍ ബഹുഭാഷാവൊളന്റിയര്‍മാരുടെ സേവനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി എസ്സിഇആര്‍ടി മാര്‍ഗരേഖ തയ്യാറാക്കി. ഒരു ക്ലാസില്‍ 3-4 കുട്ടികള്‍മാത്രമെങ്കില്‍ അധ്യാപകര്‍ക്ക് ബഹുഭാഷാപരിശീലനംനല്‍കി പഠിപ്പിക്കും. എല്‍പിയില്‍ 20 കുട്ടികളിലും യുപിയില്‍ 30 കുട്ടികളിലും കൂടുതലുണ്ടെങ്കില്‍ ബഹുഭാഷാ വൊളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ആറുവയസ്സാണ് അതിഥി കുട്ടികള്‍ക്ക് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി.
കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. മൂന്ന്-ആറു വയസ്സുള്ളവരെ അങ്കണവാടിയിലും ആറുവയസ്സ് കഴിഞ്ഞവരെ സ്‌കൂളിലുമെത്തിക്കും. അങ്കണവാടിപ്രവര്‍ത്തകര്‍ അതിഥിക്കുടുംബങ്ങളുടെ വാര്‍ഡ് തിരിച്ചുള്ള വിവരശേഖരണം നടത്തും. സംസ്ഥാനത്ത് 35 ലക്ഷം അതിഥിത്തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










