കൊച്ചി: ചരിത്രത്തിൽ ആദ്യമായി, സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അണക്കെട്ടുകൾ നിറയുന്നു. കെഎസ്ഇബിയുടെ അണക്കെട്ട് മാനേജ്മെന്റ് വെള്ളത്തിലായി.
നിലവിലെ ജലവർഷം നാളെ അവസാനിക്കും. പുതിയ ജലവർഷം സീസൺ എത്തുന്നതിന് മുമ്പ് ആവശ്യമായതിന്റെ മൂന്നിരട്ടിയിലധികം റിസർവോയർ വെള്ളമാണ് നിലവിൽ ജലസംഭരണികളിൽ ഉള്ളത്; 1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം. മഴ ഇതേപോലെ 3 ദിവസം കൂടി തുടർന്നാല്‍, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനത്തിനുള്ള കരുതല്‍ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ജൂണ്‍ ഒന്നിനു ഡാമുകളിലുണ്ടാവും.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാകും ഒരു ജലവർഷത്തിന്റെ ആദ്യമേതന്നെ ഡാമുകള്‍ ഇത്ര നിറയുന്നത്. ജൂണില്‍ മഴ തുടർച്ചയായി പെയ്താല്‍ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക് എത്താം. വൈദ്യുതി ഉല്‍പാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്കു കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകള്‍ തുറന്നുവിട്ടുതുടങ്ങി. ജൂണ്‍ 1 മുതല്‍ മേയ് 31 വരെയാണു കെഎസ്‌ഇബി ജലവർഷം കണക്കാക്കുന്നത്. കാലവർഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മേയ് 31 വരെ 500-600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം കരുതല്‍ സൂക്ഷിക്കാറുണ്ട്.
എന്നാല്‍, വേനലില്‍ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെവരികയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്.ഇപ്പോള്‍ ഡാമുകളില്‍ സംഭരണ ശേഷിയുടെ 37% വെള്ളമുണ്ട്.14.5 % വെള്ളം മാത്രം നിലനിർത്തേണ്ട സ്ഥാനത്താണിത്. മേയ് മാസത്തില്‍ വൈദ്യുതി ആവശ്യവും ഉപഭോഗവും കുറയുന്നതു മനസ്സിലായിട്ടും അതനുസരിച്ചു ജലവൈദ്യുതി ഉല്‍പാദനം വർധിപ്പിക്കാത്തതാണു കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. കരുതല്‍ ശേഖരം പരമാവധി ഉപയോഗിക്കാതെ പുറത്തുനിന്നു വൈദ്യുതി വാങ്ങുകയും ചെയ്തു. ഇൗ വർഷം ഏറ്റവും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച മേയ് മാസത്തില്‍ വൈദ്യുതി ഉപഭോഗം ആ നിലയിലേക്ക് എത്തിയില്ല. ഇൗ വർഷം ഏറ്റവും കൂടുതല്‍ ഡിമാൻഡുണ്ടായത് മാർച്ച് 20 നാണ്- 5347 മെഗാവാട്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










