കൊച്ചി: കടലാക്രമണം മൂലം മീൻ പിടിത്ത വിലക്ക്, തമിഴ്‌നാട്ടിലെ ട്രോളിംഗ് നിരോധനം, കൊച്ചി പുറങ്കടലില്‍ കപ്പല്‍ മുങ്ങിയതിനെത്തുടർന്നുള്ള മലിനീകരണ ഭീഷണി എന്നിവ കാരണം സംസ്ഥാനത്തെ മത്സ്യബന്ധന മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി.
ജനപ്രിയ മത്സ്യങ്ങള്‍ കിട്ടാനില്ല. ഉള്ളവയ്ക്ക് തീവിലയാണ്. കനത്ത മഴയില്‍ കായല്‍, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവ് തീരെ കുറഞ്ഞിട്ടുണ്ട്. ജൂണ്‍ 9 മുതല്‍ കേരളത്തിലും ട്രോളിംഗ് നിരോധനം തുടങ്ങും. മുങ്ങിയ കപ്പലിന് 20 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാല്‍ ഭാഗത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് കടക്കാനാവില്ല.
മത്സ്യം വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും ചാളയും ആവശ്യത്തിന് ലഭ്യമല്ല. ഏതാനും മാസങ്ങളായി വള്ളങ്ങള്‍ക്ക് ചാള മാത്രമാണ് ലഭിച്ചിരുന്നത്. ഒറ്റയ്ക്കും നിരോധനം ലംഘിച്ചും കടലില്‍ പോകുന്ന ചെറുവള്ളങ്ങളാണ് കുറച്ചെങ്കിലും മീൻ എത്തിക്കുന്നത്.
തൊഴില്‍നഷ്ടത്തിന് പരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഇന്ന് രാവിലെ 11ന് കൊച്ചിയിലെ കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (സി.എം.എഫ്.ആർ.ഐ) മുന്നില്‍ പ്രതിഷേധ ധർണ നടത്തുന്നുണ്ട്.ബോട്ടുകളും വള്ളങ്ങളും ഇനി കടലില്‍ പോയി മത്സ്യവുമായി എത്തുമ്ബോള്‍ മാത്രമേ കപ്പല്‍ ദുരന്തഭീഷണി വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമാകൂ. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളാണ് കേരളത്തിലെ പരമ്ബരാഗത മത്സ്യത്തൊഴിലാളികളുടെ നല്ലകാലം. കപ്പല്‍ അപകടം പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലാണ് വീഴ്ത്തിയിരിക്കുകയാണ്.
വൈപ്പിൻ ഹാർബറിലെ മീൻവില (കിലോ)
കേര : 300-350
ചൂര : 200-250
കായല്‍ വറ്റ : 600-700
തിലാപ്പിയ: 260-300
നാടൻ ചെമ്മീൻ : 360-450
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










